സത്യത്തിലെ മിഥ്യ




 ചിലർക്ക്, വിവാഹം നടക്കുന്ന വഴിയിൽ ഒരു കല്ലായി, ചിലർക്ക് പറക്കാനുള്ള ചിറകുകൾ നൽകി, ചിലർക്ക്, ഒരു ഇല തളിർത്താൽ പിഴുതെറിയുന്ന കാവൽക്കാരനും. 
സത്യത്തിൽ വിവാഹമാണോ പ്രശ്നം. അല്ല. വിവാഹം ഒരു സത്യമാണ്, സ്വപ്ന  ലോകത്തെ മാത്രമല്ല, യാഥാർത്ഥ്യത്തിൻ്റെ ലോകത്തും അത് സത്യം. പക്ഷേ പലപ്പോഴും വിവാഹം നുണകൾ ആകാറുണ്ട്. സ്വപ്നത്തിൻ്റെ വാതിൽ പോലും തുറക്കാൻ ഇഷ്ടമില്ലാത്ത ഒരു മിഥ്യ. 

എങ്ങനെയാണ് ലോകം മുഴുവൻ പടർന്നു കിടക്കുന്ന സത്യം, പല സമയങ്ങളിൽ, പല ഇടങ്ങളിൽ, പല ആളുകളിൽ, മിഥ്യ ആകുന്നത്. 
സത്യത്തിൽ മിഥ്യ കലർന്നത് ഇന്നോ ഇന്നലെയോ അല്ല, നമ്മുടെ പൂർവികരുടെ കാലത്തെ അതിൽ മിഥ്യ ഉണ്ട്. മിഥ്യയെ പല യോധാക്കളും തളച്ചിട്ടുണ്ട്, പക്ഷേ കാലത്തിൻ്റെ തേരോട്ടത്തിൽ പടർന്ന മിഥ്യയെ തളക്കാൻ  അവർ മറന്നു പോയതോ, അതോ അവരുടെ പോരാട്ടത്തിന് അതിനു സാധിച്ചില്ലേ.....

പൂർവികരുടെ കാലത്ത് ശൈശവ വിവാഹം സർവ സാധാരണയായിരുന്നു. സതി സമ്പ്രദായം, അല്ലെങ്കിൽ മരണം വരെ വിധവ ആയി കഴിയുന്നതും, എല്ലാം അന്ന് സർവ സാധാരണയായിരുന്നു.
 
ഇന്നും അവയൊക്കെ സർവ സാധാരണമാണ്. നിങ്ങൾ  എൻ്റെ ഈ വാക്കിൽ വിശ്വസിക്കുന്നുണ്ടോ? ഇല്ലെങ്കിൽ അതാണ് സത്യം. ഇന്നും അവയെല്ലാം ഉണ്ട്. പേരുകളും ആചാരങ്ങളിൽ വന്ന കുറച്ച് മാറ്റങ്ങളും ഒഴിച്ചാൽ നമ്മൾ ഇന്നും പൂർവികരുടെ കാലത്തിൽ തന്നെ. 

ഇന്ന് ഒരു പെൺകുട്ടിയുടെ വിവാഹ പ്രായം 18 ആണ്. 18 വയസ്സിൽ ഒരു കുടുംബം നോക്കാനുള്ള പക്വത അവളിലുണ്ടെന്ന് എന്താണ് ഉറപ്പ്? ബാധ്യതകൾ ചുമക്കാനുള്ള ശേഷി അവളുടെ കൈകൾക്കുണ്ടോ? 
പിന്നെങ്ങനെ പക്വത എത്താത്ത പെൺകുട്ടി മുതിർന്നവർക്ക് തുല്യമാകും. 
അതോ അവൾക്ക് ഒറ്റ ദിവസത്തിൽ പക്വത കിട്ടിയോ?  പക്വത എത്താത്ത ഒരു കുട്ടി, ആണായാലും പെണ്ണായാലും, വിവാഹത്തിൽ ശൈശവകാരി തന്നെ ആണ്. അപ്പോ 18 വയസ്സിലെ വിവാഹം ശൈശവം അല്ലേ? അതോ അവളുടെ ചിന്തകൾ മാത്രമാണോ ശൈശവത്തിൽ?

 18 വയസ്സ് വരെ പുറം ലോകത്തെ കുറിച്ച് വല്യ ധാരണകൾ കൊടുക്കാതെ പൊന്ന് പോലെ നോക്കിയ മകളെ വിവാഹമെന്ന ചടങ്ങിൻ്റെ പേരിൽ എങ്ങനെ വേറെ വീട്ടിലേക്ക് ബാധ്യതകളുടെ സമുച്ചയം കൈകളിൽ ഏൽപ്പിച്ച് പറഞ്ഞയക്കും. ഭർത്താവിൻ്റെ കൂടെ പോകുന്ന ഒരു സുന്ദര യാത്ര, അവൻ്റെ വീട്ടിലേക്ക്, അത് സുന്ദരമായ ഇടം തന്നെ ആയിരിക്കുമോ? 

അവിടം സുന്ദരമല്ലെങ്കിൽ, അവൾക്ക് അവിടെന്ന് തിരിച്ചു വരാൻ തോന്നിയാൽ, അവൾ പിന്നെന്ത് ചെയ്യും? ഒരു ഭർത്താവില്ലാതെ ഒരു പെണ്ണിന് ജീവിക്കാൻ പറ്റുമോ? വിവാഹം അല്ലേ ജീവിതത്തിലെ പ്രധാന ഘടകം, ല്ലേ?

അതോ, കഴുത്തിൽ ഒരു താലിയോ, മഹറോ ഇല്ലാതെ അവളെ കാണാൻ , അവളുടെ സന്തോഷത്തെ മനസ്സിലാക്കാൻ നിങ്ങളുടെ ബുദ്ധിക്ക് അറിയാത്തതോ?
Divorce എങ്ങനെ നാണക്കേടാകും. അവൾക്ക് സന്തോഷവും സമാധാനവും കിട്ടുന്നത് കൊണ്ടാണോ divorce നാണക്കേട് ആയത്?  
സന്തോഷവും സമാധാനവും കൂട്ടിന് അവളെയും വാതിലുകൾ ഇല്ലാത്ത മുറിയിൽ അടച്ചിട്ടാൽ നിങ്ങളുടെ നാണക്കേട് മാറുമോ?
Divorce കഴിഞ്ഞാൽ ജീവിതം നിഷേധിക്കപ്പെടുന്നത് സതിക്ക് തുല്യമല്ലേ? ഉള്ളിൽ കരഞ്ഞ് പുറത്ത് ചിരിക്കുന്നത് മരണത്തിന് തുല്യം തന്നെ. അപ്പോ അത് സതി അല്ലാതെ ആകുമോ? ഇനി അത് സതി അല്ലെങ്കിൽ, ഇഷ്ടമില്ലാത്ത ഒരു ജീവിതം  നടന്നു തീർക്കാൻ ശ്രമിക്കുന്നത് ആചരങ്ങളില്ലാത്ത ഒരു സതി തന്നെ അല്ലേ, ജീവനോടെ കത്തിയെരിയുക!

നമ്മുടെ പൂർവികർ നമ്മുക്ക് അവകാശങ്ങൾ വാങ്ങി തന്നു. പക്ഷേ അവയെ ഇടക്ക് പൊടിതട്ടി ഉണർത്താൻ നമ്മൾ എപ്പോഴോ മറന്നു. കാലം മാറുന്നതിനനുസരിച്ച് technology മാറി, പ്രായ വ്യത്യാസമില്ലാതെ നമളെല്ലാം അവ സ്വീകരിക്കുകയും ചെയ്തു. പിന്നെന്തുകൊണ്ട് നമ്മൾ അവകാശങ്ങളിൽ മാറ്റം വരുത്തിയില്ല? നമ്മുടെ പൂർവികരുടെ technology നമ്മൾ ഉപയോഗിക്കുന്നില്ല. പിന്നെന്തുകൊണ്ട് പൂർവികർ ഉപയോഗിച്ച അവകാശങ്ങൾ നമ്മൾ ഉപയോഗിക്കുന്നു? എന്തുകൊണ്ട് നമ്മുക്ക് എളുപ്പമായ അവകാശങ്ങൾ നമ്മൾ കെട്ടി പൊക്കിയില്ല? എന്തു കൊണ്ടു അവകാശങ്ങൾ കാലത്തിൻ്റെ മാറ്റങ്ങൾക്കൊപ്പം നടന്നില്ല?

നിങ്ങൽ മനസ്സിലാക്കുക. നിങ്ങളെ ഇന്നും വേട്ടയാടുന്നത് ഈ പൂർവിക അവകാശങ്ങൾ ആണ്. കാലത്തിന് അനുസരിച്ച് മാറാൻ അവകാശത്തെ ഒന്നു പൊടി തട്ടിയെടുത്താൽ മതി. Technology മാറും പോലെ അവയും കാലത്തിനൊത്ത് മാറും, പ്രായ വ്യത്യാസമില്ലാതെ അതിനെ സ്വീകരിക്കുകയും ചെയ്യും.

ഇപ്പോഴും ഒരുപാട് ജീവിതങ്ങൾ പൂർവികരുടെ അവകാശത്തിൽ ഞെരുങ്ങി കഴിയുന്നുണ്ട്... നിങ്ങളും ഞാനും എല്ലാം ഒരിക്കൽ അതിലെ ഇരകൾ തന്നെ ആയിരുന്നു, ആവുന്നു, ആകും..ഇനിയും സൂര്യനെ ഇരുട്ടിൽ നിർത്താതെ.

ഇവിടം തുടങ്ങാം , പൂർവികർ ബാക്കി വെച്ച മിഥ്യ തുടച്ചു നീക്കാനുള്ള പോരാട്ടം...










Note: എൻ്റെ ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കിയുള്ള വരികളാണ് ഇത്. 
                                                   

Comments