മുടന്തുന്ന ചിത്രശലഭങ്ങൾ
ഇരുട്ട് മൂടിയ നേരം. സ്ത്രീകൾക്ക് അസമയമായി മാറിയ ആ നേരത്ത്. ദേശാടനപ്പക്ഷികൾ ഒന്നു തല ചായ്ക്കുന്ന ആ ഇരുട്ടിൻ്റെ യാമങ്ങളിൽ. എവിടെ നിന്നോ ഒരു തേങ്ങൽ. ഭൂമിയും ആകാശവും കടലും തിരയും എല്ലാം അന്തിയുറങ്ങിയ യാമങ്ങളിൽ, നിലാവ് പോലും വന്നിട്ടില്ല. പിന്നെ ആരുടെ തേങ്ങൽ ആണ് അത്?
ദൈവം ഭൂതക്കണ്ണാടിയിലൂടെ ചരലിൽ വീണ അരിമണി പെറുക്കും പോൽ നോക്കി.
ഒരിടത്ത് , ഒരു വീട്ടിൽ, ഒരു കുഞ്ഞു മുറിയിൽ, ഇരുട്ടിൻ്റെ മറ പറ്റിയ ഒരു കോണിൽ, അവൾ അടക്കി കരയുന്നുണ്ട്. പൊതിഞ്ഞു കെട്ടിയ മനസ്സിൻ്റെ ജാലകം തുറന്നു, കരിയിലകൾക്കിടയിൽ നിന്ന് ചികഞ്ഞപ്പോൾ, ദൈവം അത് കണ്ടെത്തി. ഒരു ഉണങ്ങിയ പാഴ് കിനാവിൻ്റെ വേരുകൾ.
നിഴൽ പോലും കടക്കാൻ ഇഷ്ടമില്ലാത്ത, ആ വീട്ടിലെ തന്നെ മറ്റൊരു മുറിയിൽ, ഇരുട്ടിൻ്റെ മറ പറ്റിയ ഒരു കോണിൽ , അവളുടെ മകളും അടക്കി കരയുന്നുണ്ട്. പൊതിഞ്ഞു കെട്ടിയ മനസ്സിൻ്റെ ജാലകം തുറന്ന്, പാതി കരിഞ്ഞ ഇലകൾക്കിടയിൽ ചികഞ്ഞപ്പോൾ, ദൈവം കണ്ടു. വെള്ളത്തിൻ്റെ ഉറവ അടച്ചതിനാൽ, ഉണങ്ങുന്ന ഒരു പാഴ് കിനാവിൻ്റെ വള്ളികൾ. പൂക്കളും, ഇലകളും എല്ലാം ചുറ്റും മരവിച്ച് കിടക്കുന്നുണ്ട്.
തിരിച്ചു വന്ന ദൈവം ആലോചനയിൽ മുഴുകി. എന്താണിതിൻ്റെ അർഥം. ഇന്നും ഒരു സ്ത്രീയും ഉണരാറില്ലെ? എത്രയോ കിനാവുകൾ പേറി നടന്നിരുന്നു അവരുടെ ബാല്യങ്ങൾ. നടക്കാൻ മറന്ന ചിത്രശലഭങ്ങൾ പോലെ ആയിരുന്നു അവരുടെ കൗമാരം. കിനാവിൻ്റെ പറുദീസ തന്നെ അവരുടെ കാൽകൾക്ക് കീഴിലായിരുന്നു.
ക്ഷണിച്ചു വരുത്തിയ വിരുന്നുകാരൻ. വിവാഹ പന്തലിൽ നിന്നു ഉറ്റവരോട് യാത്ര പറഞ്ഞു ഇറങ്ങുന്ന ആ വേള മുതൽ , ചിത്രശലഭം മുടന്തനെ പോലെ നടക്കാൻ തുടങ്ങി. കുടുംബ ജീവിതത്തിൻ്റെ സ്വാദിൽ കലർത്തിയ വിഷം അവളുടെ ചിറകിനെയും വെട്ടിമാറ്റി. പതിയെ അവൾ കുടുംബ ബാധ്യത എന്ന പേരിൽ ഒരു മൂലയിൽ , പെണ്ണന്ന് കൊത്തി വെച്ച ആണികൾ കൊണ്ട് തളച്ചിട്ടു. ഒന്നും മിണ്ടാതെ.....
അവളുടെ മകളും ചിത്രശലഭം ആയിരുന്നു. നടക്കാൻ മറന്ന ചിത്രശലഭം. വിവാഹമെന്ന ചങ്ങല തന്നെയും മുറുകുമോ എന്ന ഭയത്തിൽ എതിർത്തെങ്കിലും, അവൾ അന്ന് പറഞ്ഞത്. ' നീ പെണ്ണാണ്, അന്യൻ്റെ വീട്ടിൽ പോകേണ്ടവൾ. നീ പഠിചിട്ട് എന്തു നേടാനാണ്. ' മകളെയും വിവാഹം കഴിപ്പിച്ചു. ഇന്ന് ആ മകൾ തൻ്റെ മുന്നിൽ വന്ന് കരയുമ്പോഴും പറയുന്നത്, ' നീ പെണ്ണാണ്, നിൻ്റെ ജോലി കുടുംബം നോക്കുന്നത് മാത്രമാണ്, വേറെ ഒന്നും നീ ചെയ്യണ്ട.അടങ്ങിയൊതുങ്ങി ഇരുന്നോ.'
ഇനി എത്ര കാലം ഈ പല്ലവി തുടരും. എത്ര ജന്മം ഇനിയും ആ കുടുംബ മഹിമയിൽ, അന്യൻ്റെ അടുക്കളയുടെ നടുവിൽ കഴുത്ത് നെരിച്ച് കൊല്ലപ്പെടും. സ്വാതന്ത്ര്യം കിട്ടിയിട്ടും എന്തേ ഭൂരിഭാഗം സ്ത്രീകൾ ഇന്നും അടുക്കളയിലെ കനൽ തറയിൽ പുഷ്പിച്ചത്.
അതോ ഇന്ത്യ ഇന്നും അടിമത്തത്തിലാണോ?
Comments
Post a Comment